Search This Blog

Preparing for your interviews???


 Preparing for your interviews

1. പരസ്യവും അപേക്ഷയും രണ്ടാമതും വായിക്കുക: നമ്മൾ ഒരു ജോലിക്ക് അപേക്ഷിച്ചതിനു ശേഷം മാസങ്ങൾ കഴിഞ്ഞായിരിക്കും പലപ്പോഴും ഇന്റർവ്യൂ നടക്കുന്നത്. തൊഴിലന്വേഷിച്ച് നടക്കുന്ന കാലമാണെങ്കിൽ അതിനിടക്ക് മറ്റു പല അപേക്ഷകളും അയച്ചുകാണും. നിങ്ങൾ കരിയറിനെ സീരിയസായി എടുക്കുന്ന ആളാണെങ്കിൽ അതിലോരോന്നിലും വേറെവേറെ സി വി യും കവറിംഗ് ലെറ്ററും എഴുതിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇന്റർവ്യൂവിന് വിളിച്ചാൽ ആദ്യം ചെയ്യേണ്ടത് അപേക്ഷിച്ച തൊഴിൽ പരസ്യവും നമ്മളയച്ച അപേക്ഷയും (സി വി യും) ഒന്നുകൂടി വായിച്ചുനോക്കുകയാണ്. ഏതായിരുന്നു പൊസിഷൻ, എത്ര നാളത്തേക്കുള്ള ജോലിയാണ്, എന്തൊക്കെ യോഗ്യതകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്തൊക്കെയാണ് സി വി യിൽ നമ്മൾ ‘തള്ളി’വിട്ടിരിക്കുന്നത്. ഇതെല്ലാം രണ്ടാമതും ഓർമ്മയിൽ വെക്കുക.

2. നമ്മൾ ജോലിക്ക് അപേക്ഷിച്ചിരിക്കുന്ന സ്ഥാപനത്തെപ്പറ്റി ഒരു ഗവേഷണം നടത്തുക: ഏതു സ്ഥാപനത്തിലാണോ ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് അതിനെപ്പറ്റി വിശദമായ ഒരന്വേഷണം നടത്തുക. ഇന്റർനെറ്റിന്റെ കാലത്ത് അത് വളരെ ഈസിയാണ്. സ്ഥാപനത്തിന്റെ വെബ് സൈറ്റ് മാത്രം നോക്കിയാൽ പോരാ, സ്ഥാപനത്തിന്റെ പേര് ടൈപ്പ് ചെയ്ത് ‘ന്യൂസ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ സ്ഥാപനത്തെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ സമീപകാലത്തെ എല്ലാ വാർത്തകളും അറിയാൻ കഴിയും. ഇതുകൂടാതെ സ്ഥാപനത്തെപ്പറ്റി നേരിട്ടറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോട് ചോദിച്ച് പരമാവധി കാര്യങ്ങൾ അറിയുക.

3. കൈയിലെടുക്കേണ്ട രേഖകൾ: ഇന്റർവ്യൂവിന് പോകുമ്പോൾ നമ്മളയച്ച അപേക്ഷ, നമ്മുടെ ബയോഡേറ്റ, കമ്പനിയിൽ നിന്നും അയച്ച ഇന്റെർവ്യൂ ലെറ്റർ, നമ്മുടെ സർട്ടിഫിക്കറ്റുകൾ, നമ്മൾ ചെയ്തിട്ടുള്ള പ്രോജക്ടിന്റെ റിപ്പോർട്ടുകൾ, അതിനെപ്പറ്റിയുള്ള ന്യൂസ് ക്ലിപ്പിംഗുകൾ ഇവയെല്ലാം ഒരു ചെറിയ ഫയലിൽ അടുക്കിസൂക്ഷിക്കുക. ഒരു നോട്ട് പാഡും പേനയും കൈയ്യിലെടുക്കാൻ മറക്കരുത്.

4. ഇന്റർവ്യൂവിന് തയ്യാറെടുക്കുക: ഏതുതരം സ്ഥാപനത്തിൽ ഏത് പോസ്റ്റിലേക്കാണ് നിയമനം എന്നതനുസരിച്ച് വരാനിടയുള്ള ചോദ്യങ്ങളെല്ലാം എഴുതി അതിന്റെ ഉത്തരം കണ്ടെത്തുക. മൂന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് പൊതുവെ പ്രതീക്ഷിക്കേണ്ടത്. നിങ്ങളുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, നിങ്ങളുടെ തൊഴിൽ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, പൊതുവിജ്ഞാനവും കുടുംബകാര്യവും ചേർന്ന് മൂന്നാമത്തേത്. കൂടുതൽ ഉയരത്തിലേക്ക് പോകും തോറും സബ്ജക്ടിലുള്ള ചോദ്യങ്ങൾ കുറഞ്ഞുവരും. അൻപതാം വയസ്സിൽ ഇന്റർവ്യൂവിന് പോകുന്നതിന് മുൻപ് ടെക്സ്റ്റ് ബുക്ക് ഒന്നും വായിക്കേണ്ട കാര്യമില്ല, എന്നാൽ പുതിയ കുട്ടികൾ ആണെങ്കിൽ വായിക്കുകയും വേണം. ചോദ്യവും ഉത്തരവും തയ്യാറാക്കാൻ കൂട്ടുകാരുടെ സഹായവും തേടാം.

5. ഇക്കാലത്ത് ഇന്റർവ്യൂ കൂടുതലും ‘കോംപീറ്റൻസി ബേസ്‌ഡ്’ ആയി മാറുകയാണ്: ഓരോ തൊഴിലും ചെയ്യാൻ നിശ്ചിത യോഗ്യതകൾ വേണമെന്ന് മുൻ‌കൂർ നിശ്ചയിക്കുന്നു. (പലപ്പോഴും സ്പെസിഫിക്കേഷനിൽ പറഞ്ഞിട്ടുമുണ്ടാകും, പ്രൊഫഷണലിസം, കമ്മൂണിക്കേഷൻ, ടെക്നോളജി, എന്നിങ്ങനെ). അതിലോരോന്നിലും തന്റെ കഴിവുകൾ വിശദമാക്കാൻ ഇന്റർവ്യൂ നേരിടുന്ന ആളോട് പറയുന്നു. സ്വന്തം വ്യക്തിജീവിതത്തിൽ നിന്നും ഉദാഹരണസഹിതം ഉത്തരം പറയുന്നവർക്കാണ് കൂടുതൽ മാർക്ക് കിട്ടുന്നത്. ഉദാഹരണത്തിന് “നേതൃത്വഗുണത്തെപ്പറ്റിയുള്ള നിങ്ങളുടെ ചിന്ത എന്താണ്?” എന്ന ചോദ്യത്തിന് ഗാന്ധിജിയുടെയോ ഒബാമയുടെയോ നേതൃത്വത്തെപ്പറ്റിയല്ല, സ്കൂളിലോ കോളേജിലോ നിങ്ങൾ കാണിച്ച നേതൃത്വഗുണത്തെപ്പറ്റിയാണ് പറയേണ്ടത്. അങ്ങനെ ഓരോ വിഷയത്തിലും നമ്മുടെ അനുഭവങ്ങൾ എങ്ങനെ ബോർഡിനെ ധരിപ്പിക്കാം എന്ന തരത്തിൽ വേണം തയ്യാറെടുക്കാൻ.

6. മോക്ക് ഇന്റർവ്യൂ: സിവിൽ സർവീസിനൊക്കെ പോകുന്നവർക്കു വേണ്ടി തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാദമി മോക്ക് ഇന്റർവ്യൂ നടത്താറുണ്ട്. അതുപോലെ ഏത് ഇന്റർവ്യൂവിന് മുൻപും സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ ഒരു മോക്ക് സെഷൻ നടത്തുന്നത് നന്നായിരിക്കും. ഇന്റർവ്യൂ എന്ന പ്രസ്ഥാനം മാസ്റ്റർ ചെയ്യാനുള്ള ഒരു തന്ത്രം ഞാൻ അവസാനം പറയുന്നുണ്ട്, ശ്രദ്ധിക്കുക.

7. വസ്ത്രധാരണം: മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗമാണല്ലോ. അപ്പോൾ കാടിനുള്ളിൽ മറ്റൊരു മൃഗത്തെ കാണുമ്പോൾ സെക്കന്റുകൾക്കകം ‘ഇതിനെ വിശ്വസിക്കാമോ’ എന്ന് നമ്മൾ അറിയാതെ തന്നെ അളന്നു നോക്കുമെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിക്കുന്നുണ്ട് (http://uk.businessinsider.com/harvard-psychologist-amy-cudd…). അതുകൊണ്ടുതന്നെ നമ്മുടെ ബാഹ്യരൂപം സർവപ്രധാനമാണ്. കുളിക്കാതെ, മുടി ചീകാതെ, ബർമുഡയും ടീഷർട്ടുമിട്ട് ഇന്റർവ്യൂവിന് ചെന്നാൽ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ മുതലാളിമാർ പോലും നിങ്ങളെ വിശ്വസിക്കില്ല. അതുകൊണ്ട് ഏറ്റവും വൃത്തിയായി പ്രൊഫഷണലായി ഡ്രസ്സ് ചെയ്തുവേണം ഇന്റർവ്യൂവിന് പോകാൻ. ഏതാണ് പ്രൊഫഷണൽ ഡ്രസ്സ് എന്നത് നിങ്ങൾ ഏതു രാജ്യത്താണ്, ഏതു സ്ഥലത്താണ്, ഏത് കാലാവസ്ഥയിലാണ് ജീവിക്കുന്നത് എന്നതൊക്കെ അനുസരിച്ച് മാറും. എറണാകുളത്തെ ഇന്റർവ്യൂവിന് ത്രീ പീസ് സ്യൂട്ട് ഇട്ടു ചെല്ലുന്നതും ജനീവയിലെ ഇന്റർവ്യൂവിന് ഹാഫ് സ്ലീവ് ഷിർട്ടിട്ടു ചെല്ലുന്നതും ഒരുപോലെ അൺപ്രൊഫഷണലാണ്. അതുകൊണ്ട് അതിനെപ്പറ്റി ഒരു ജനറിക് ഗൈഡൻസ് ബുദ്ധിമുട്ടാണ്. പക്ഷെ ഇന്റർവ്യൂ ലെറ്റർ വന്നാലുടൻ അല്പം ഗൂഗിൾ ഗവേഷണം നടത്തിയാൽ കണ്ടുപിടിക്കാവുന്ന കാര്യങ്ങളേയുള്ളു ഇതൊക്കെ.

പെൺകുട്ടികളുടെ കാര്യത്തിൽ ഇത് അല്പം കൂടി സങ്കീർണ്ണമായ പ്രശ്നമാണ്. പ്രത്യേകിച്ചും വിദേശത്താണ് ഇന്റർവ്യൂ എങ്കിൽ (നേരിട്ടോ സ്കൈപ്പിലോ). ഇന്ത്യയിലാണ് ഇന്റർവ്യൂ എങ്കിൽ സാരിയോ ചുരിദാറോ ഒക്കെ പ്രൊഫഷണൽ ആയിട്ടാണ് കരുതുന്നതെങ്കിലും വിദേശത്ത് അങ്ങനെ ആകണമെന്നില്ല. ചെരിപ്പ് തൊട്ട് ഷാള് വരെയുള്ള ആക്സസസറീസിന്റെ കാര്യത്തിൽ നമ്മൾ അപേക്ഷിക്കുന്ന ജോലി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രീതികൾ, ജോലി ചെയ്യുന്ന രാജ്യം ഇതൊക്കെ നോക്കിവേണം കാര്യങ്ങൾ തീരുമാനിക്കാൻ. ഈ വിഷയത്തിൽ ഇന്ത്യക്കകത്തും പുറത്തും എച്ച് ആറിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു.

ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ഏതു രാജ്യത്താണെങ്കിലും ‘വേഷം കെട്ടാ’തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ നമുക്ക് തീരെ പരിചയമില്ലാത്ത വേഷമാണെങ്കിൽ ഒരു ഡ്രസ്സ് റിഹേഴ്സൽ നല്ലതാണ്. ആദ്യമായി ടൈ കെട്ടിപ്പോകുന്ന ആൺകുട്ടികളും ട്രൗസറിട്ട് പോകാനുദ്ദേശിക്കുന്ന സ്ത്രീകളുമെല്ലാം ഇത് ചെയ്യണം. കാരണം വേഷം നമ്മുടെ ആത്മവിശ്വാസത്തെ ബൂസ്റ്റ് ചെയ്യുന്നതായിരിക്കണം, അല്ലാതെ വിയർപ്പിക്കുന്നതാകരുത്.

8. സമയകൃത്യത പാലിക്കുക: എവിടെയാണോ ഇന്റർവ്യൂ അവിടെ പറഞ്ഞ സമയത്തു തന്നെ എത്തുക എന്നത് ഏറ്റവും പ്രധാനമാണ്. പരിചയമില്ലാത്ത ദൂരസ്ഥലത്താണ് എത്തേണ്ടതെങ്കിൽ അന്നുരാവിലെ ടാക്സിയെടുത്ത് കറങ്ങിത്തിരിഞ്ഞ് സമയം കളയാതെ തലേദിവസം തന്നെ സ്ഥലത്തെത്തി ഇന്റർവ്യൂ നടക്കുന്നയിടം ഒന്നു കണ്ടുവെക്കാൻ ശ്രമിക്കുക. അതുപോലെ സ്ഥലത്തെ ട്രാഫിക് എങ്ങനെയുണ്ടെന്നും മുൻകൂട്ടി അറിഞ്ഞുവെക്കുക.

9. ഫോർമലായി സംസാരിക്കുക: ഇന്റർവ്യൂവിന് റൂമിലെത്തുന്ന ആദ്യത്തെ മുപ്പത് സെക്കന്റ് നിർണ്ണായകമാണ്. മുൻപ് പറഞ്ഞ മൃഗങ്ങളുടേതു പോലുള്ള ഇൻസ്റ്റിൻക്ട് വെച്ച് അവർ നിങ്ങളെ അളക്കുകയാണ്. നിങ്ങൾ വായ തുറക്കുന്നതിനു മുൻപേ പകുതി ഇന്റർവ്യൂ കഴിഞ്ഞിരിക്കും. അതിനാൽ പറഞ്ഞുതുടങ്ങുമ്പോൾ തന്നെ “ഗുഡ്മോർണിംഗ് ഗയ്‌സ്” എന്നൊന്നും പറഞ്ഞ് കുളമാക്കരുത്. വിദേശത്താണെങ്കിൽ ഗുഡ്മോർണിംഗ് സാർ/ മാഡം എന്നും പറയരുത്. ചുമ്മാ ഒരു ഗുഡ്മോർണിംഗ്/ആഫ്റ്റർനൂൺ മതി, പ്രസന്നഭാവത്തിൽ ആയിരിക്കണമെന്നു മാത്രം. ഇന്ത്യയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വരുന്നവർ ഓരോ ചോദ്യത്തിനും ഉത്തരമായി സാർ സാർ പറയുന്നത് കുഴപ്പമേ ഉണ്ടാക്കൂ.

10. മുഖത്തുനോക്കി സംസാരിക്കുക: ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ ശ്രദ്ധിച്ച് അവരുടെ മുഖത്ത് നോക്കി ഉത്തരം പറയുക. ഇന്റർവ്യൂ ബോർഡിൽ ചോദ്യം ചോദിക്കാതെ ഇരിക്കുന്നവരെയും ശ്രദ്ധിക്കുക, അവർ നമ്മളെ അളക്കുന്നതു പോലെതന്നെ ആത്മവിശ്വാസത്തോടെ തിരിച്ച് അവരെയും അളന്നു നോക്കുക.

11. പുളുവടിക്കാതിരിക്കുക: വരുന്ന എല്ലാ ഉദ്യോഗാർത്ഥികളും എല്ലാം അറിയുന്നവരായിരിക്കണമെന്ന് ഒരു ഇന്റർവ്യൂ ബോർഡും നിഷ്കർഷിക്കുന്നില്ല, എന്നാൽ സത്യസന്ധരായിരിക്കണമെന്ന് പ്രതീക്ഷിക്കും. അതുകൊണ്ടുതന്നെ അറിയാത്ത ചോദ്യങ്ങൾക്ക് ബ്ലഫ്‌ ചെയ്യുന്നത് അനാവശ്യമാണ്. അറിയില്ല എന്നുപറയുന്നതിലെ ആത്മാർത്ഥതയും ആത്മവിശ്വാസവുമാണ് ഇന്റർവ്യൂ ബോർഡിനിഷ്ടം.

12. തെങ്ങിൽ പിടിച്ചുകെട്ടുന്ന പശു: തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതാൻ പഠിച്ച് പരീക്ഷക്ക് പോയിട്ട് പശുവിനെപ്പറ്റി വന്ന ചോദ്യത്തിന് പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതിയ കഥ കേട്ടിട്ടില്ലേ? അതുപോലെ നിങ്ങൾക്ക് അറിയാവുന്ന വിഷയത്തിലേക്ക് ഇന്റർവ്യൂ ബോർഡിനെ എത്തിക്കുന്നത് ഇന്റർവ്യൂവിലെ ഒരു കലയാണ്. സി വി യിലും കവറിംഗ് ലെറ്ററിലും ഇതിന്റെ വഴിമരുന്നിട്ടുവെക്കാം. നിങ്ങളുടെ കംഫർട്ട് സോണിൽ ബോർഡിനെ എത്തിക്കാൻ പറ്റിയാൽപ്പിന്നെ രക്ഷപെട്ടു.

13. തിരിച്ചുള്ള ചോദ്യം: ഇക്കാലത്ത് എല്ലാ ഇന്റർവ്യൂവും “നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?” എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്. ഒന്നുമില്ലെന്ന് പറയരുത്. എന്നുവെച്ച് ‘എനിക്കെത്ര ശമ്പളം തരും’ എന്നൊന്നും ചോദിച്ചു കളയരുത്. ആ തൊഴിലിലും സ്ഥാപനത്തിലും നിങ്ങൾക്കുള്ള താല്പര്യം പ്രകടമാക്കുന്നതായിരിക്കണം നിങ്ങളുടെ ചോദ്യം. “What is the policy of this organisation regarding training for employees?” എന്നത് ഒരു ഷുവർ വിന്നിങ് ചോദ്യമാണ്. “When can I expect the results?” എന്നത് ന്യായവും നിക്ഷ്പക്ഷവുമായ ചോദ്യമാണ്. അങ്ങോട്ട് ചോദ്യം രണ്ടെണ്ണം മതി, ഓവർ ആക്കണ്ട.

സ്‌കൈപ്പ് വഴിയുള്ള ഇന്റർവ്യൂ ഇപ്പോൾത്തന്നെ വ്യാപകമായിക്കഴിഞ്ഞു. ഇനിയുള്ള കാലത്ത് അത് കൂടിവരികയേയുള്ളു. അടിസ്‌ഥാന തയ്യാറെടുപ്പുകളെല്ലാം മുൻപ് പറഞ്ഞത് പോലെ തന്നെ ആണെങ്കിലും ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.

1. സ്ഥാപനത്തിന്റെ വിശ്വാസ്യത: നല്ല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തികച്ചും തട്ടിപ്പുകാരായ ആളുകൾ ഇന്റർവ്യൂ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ട് വിദേശത്തു നിന്നും ഒരു ഇന്റർവ്യൂ കാൾ വന്നാൽ, പ്രത്യേകിച്ചും നിങ്ങൾ ജോലിക്ക് അപേക്ഷിക്കാതെ, ഏതെങ്കിലും ഏജൻസി വഴി സി വി കിട്ടിയായതാണെന്നൊക്ക പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ഉടൻ തന്നെ അവരുടെ വിശ്വാസ്യത പരിശോധിക്കണം. ഏത് സ്ഥാപനമാണോ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നത് അവരുടെ പേരും scam fraud എന്നുള്ള വാക്കുകളും ചേർത്ത് ഗൂഗിൾ ചെയ്‌താൽ മതി (ഉദാഹരണം, https://careers.un.org/lbw/home.aspx?viewtype=SCAM).

2. വിശ്വസിക്കാവുന്ന ഇന്റർനെറ്റും കറണ്ടും: സ്കൈപ് ഇന്റർവ്യൂ നടക്കുന്നതിനിടക്ക് ഇന്റർനെറ്റ് ഫെയിലാകുന്നതോ കറന്റ് കട്ടാകുന്നതോ നമ്മുടെ കുറ്റമല്ലെങ്കിലും ‘പണി കിട്ടുന്നത്’ നമുക്ക് മാത്രമാണ്. അതുകൊണ്ട് ഒന്നുകിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുക (അതും ഫുൾ ചാർജ്ജും പവർ ബാങ്കുമുൾപ്പെടെ), അല്ലെങ്കിൽ യു പി എസ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.

3. ശബ്ദമില്ലാത്ത വെളിച്ചമുള്ള മുറി, നല്ല ഹെഡ് ഫോൺ: ടൗണിന്റെ നടുക്കുനിന്നോ ടാക്സിയിലിരുന്നോ, ഇന്റർനെറ്റ് കഫെയിൽ ഇരുന്നോ ഒന്നും ഇന്റർവ്യൂ കാൾ എടുക്കരുത്. പൂർണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലമായിരിക്കണം, ഒച്ചപ്പാടിലാത്ത മുറിയായിരിക്കണം, ഇടക്ക് ആളുകളോ വീട്ടുമൃഗങ്ങളോ ഒന്നും കയറിവരില്ല എന്നുറപ്പും വരുത്തണം. (ഇന്റർവ്യൂവിനിടക്ക് കുട്ടിയോ പട്ടിയോ ഫീൽഡിൽ കയറിവരുന്നത് സ്ഥിരം കാഴ്ചയാണ്. സംഗതി കാണാൻ ക്യൂട്ട് ഒക്കെയാണെങ്കിലും ഇന്റർവ്യൂവിന്റെ ഗൗരവം പോകും. പിന്നെ അത് എങ്ങോട്ടും പോകാം). മുറിയിലെ വെളിച്ചത്തിൽ ഇന്റർവ്യൂ ചെയ്യുന്നവർക്ക് നിങ്ങളെ വ്യക്തമായി കാണാൻ പറ്റുമോ എന്ന് മുൻ‌കൂർ ടെസ്റ്റ് ചെയ്തു നോക്കണം, അല്ലെങ്കിൽ അതനുസരിച്ച് ലൈറ്റിന്റെയും സീറ്റിന്റെയും പൊസിഷൻ അറേഞ്ച് ചെയ്യണം.

4. മദ്യക്കുപ്പിയും ബ്രായും: വീട്ടിലെ മുറിയിലാണ് ഇന്റർവ്യൂ കൊടുക്കാൻ ഇരിക്കുന്നതെങ്കിൽ നമ്മുടെ പുറകിലെന്താണ് ഇന്റർവ്യൂ ബോർഡിലുള്ളവർക്ക് കാണാൻ പാകത്തിനുള്ളത് എന്നു ശ്രദ്ധിക്കണം. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന മുറിയോ, അടുത്ത മേശയിലിരിക്കുന്ന മദ്യക്കുപ്പിയോ, അഴയിൽ തൂക്കിയിട്ടിരിക്കുന്ന അണ്ടർവെയറോ ഒക്കെ പാരയാകും. മദ്യപാനമോ അടിവസ്ത്രം ധരിക്കുന്നതോ മോശമായതുകൊണ്ടല്ല, മറിച്ച് ഇന്റർവ്യൂ എന്ന പ്രോസസിനെ നിങ്ങൾ നിസ്സാരമായി എടുക്കുന്നു എന്ന തോന്നലിൽ നിന്നാണ് നിങ്ങളുടെ അവസരം കുറയുന്നത്.

5. പേനയും പേപ്പറും തൊട്ടടുത്ത് വെക്കുക: ഇന്റർവ്യൂവിനിടക്ക് ഒരു മിനിറ്റ്, പേനയെടുക്കട്ടെ, എന്നുപറഞ്ഞ് വീഡിയോ ഫീൽഡിൽ നിന്ന് അപ്രത്യക്ഷമാകുന്നതൊക്കെ അങ്ങേയറ്റം അൺപ്രൊഫഷണലാണ്.

6. തട്ടിപ്പ് കാണിക്കരുത്: സ്കൈപ്പ് ഇന്റർവ്യൂ നടക്കുമ്പോൾ ഫീൽഡിനു പുറത്ത് സുഹൃത്തുക്കളെ സഹായത്തിനോ ഒരു ധൈര്യത്തിനോ നിർത്തുന്നത് റിസ്‌ക്കാണ്. നമ്മൾ ബോർഡിലുള്ളവരെയല്ലാതെ മറ്റാരെയെങ്കിലും ശ്രദ്ധിക്കുന്നുവെന്ന് അവർക്ക് തോന്നുന്നതും നമ്മളെ ആരെങ്കിലും പ്രോംപ്റ്റ് ചെയ്യുന്നതും നമുക്ക് ഗുണകരമാകില്ല.

ശബ്ദമോ ഭാഷയോ വ്യക്തമായില്ലെങ്കിൽ രണ്ടാമത് ചോദിക്കുന്നതിൽ തെറ്റില്ല. അതുപോലെതന്നെ നമ്മളും വ്യക്തമായി സാവധാനത്തിൽ വേണം ഉത്തരം പറയാൻ. മനസ്സിലാകുന്നുണ്ടോ എന്ന് അവരോട് ചോദിക്കുകയുമാകാം.

7. ഒരു ഗ്ലാസ് വെള്ളം: ഇന്റർവ്യൂ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ ഒരു ഗ്ലാസ് വെള്ളം അടുത്തു കരുതേണ്ടത് അത്യാവശ്യമാണ്. എന്നാൽപ്പിന്നെ ഒരു കുപ്പി ബിയർ അടുത്ത് വെച്ചേക്കാമെന്നൊന്നും കരുതിയേക്കരുത്.

ഇനി ഞാനൊരു രഹസ്യം പറയാം. ഒരു ജോലി കിട്ടണം എന്ന ആഗ്രഹത്തോടെ ഞാൻ ഒരു ഇന്റർവ്യൂവിനും പോയിട്ടില്ല. യാത്ര ചെയ്യണം എന്ന ആഗ്രഹം പണ്ടേ ഉണ്ട്. ഇന്റർവ്യൂവിനാകുമ്പോൾ അവർ വണ്ടിക്കൂലിയും കാശും തരുമല്ലോ, അതായിരുന്നു ലക്‌ഷ്യം. ഇന്റർവ്യൂവിനെല്ലാം നന്നായി പെരുമാറാൻ കഴിഞ്ഞതിന്റെ കാരണവും അത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. എന്താണെങ്കിലും നിങ്ങൾക്ക് ഇന്റർവ്യൂ എന്ന സംഗതിയെ മാസ്റ്റർ ചെയ്യാൻ യഥാർത്ഥത്തിലുള്ള, ഗൗരവമുള്ള മൂന്നോ നാലോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത്രയും ഗുണമുള്ള വേറൊരു മാർഗ്ഗമില്ല. നിങ്ങളുടെ യോഗ്യതയുടെയും അല്പം മുകളിലുള്ള ജോലികൾക്ക് അപേക്ഷിക്കുക, ഇന്റർവ്യൂവിന് കാൾ വന്നാൽ ധൈര്യമായി അറ്റൻഡ് ചെയ്യുക.

കിട്ടിയാൽ ഊട്ടി... ഇല്ലെങ്കിൽ എക്സ്പീരിയൻസ്.

0 comments:

Post a Comment